തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ആദ്യ സ്ഥലംമാറ്റത്തിൽ ചിലയിടങ്ങളിൽ നേരിയ അപാകതകളുണ്ടായതായി പരാതി. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി എ.പി. ഷൗക്കത്തലിയെ നിയമിച്ചപ്പോൾ, ഡെപ്യൂട്ടി കമ്മീഷണറായ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഇദ്ദേഹത്തേക്കാൾ സീനിയറാണെന്ന പരാതി ഉയർന്നു.
ഇനി ഡിസിപിയെ മാറ്റുകയും ഷൗക്കത്തലിയേക്കാൾ ജൂണിയറായ ഉദ്യോഗസ്ഥനെ നിയമിച്ച് അപാകത പരിഹരിക്കുകയാണ് ആഭ്യന്തര വകുപ്പിനു മുന്നിലുള്ള വഴി.വടക്കൻ മേഖലയിലെ ഐജി നിലവിൽ അവധിയിലാണ്. അദ്ദേഹത്തിനു പകരം ആളെ നിയമിച്ചിട്ടില്ല. എന്നാൽ, അടുത്ത ദിവസംതന്നെ ഐജി അവധി റദ്ദാക്കി മടങ്ങിയെത്തുമെന്നാണ് അധികൃതർ പറയുന്നത്.
എല്ലാ പോലീസ് ജില്ലകളിലേയും എസ്പിമാരെ മാറ്റിയിരുന്നില്ലെങ്കിലും മാറ്റിയ ചിലയിടങ്ങളിൽ താരതമ്യേന ജൂണിയർ ഉദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവിമാരുടെ ചുമതല നൽകിയെന്ന ആരോപണമുണ്ട്. അപാകതകൾ പരിഹരിക്കാൻ വീണ്ടും ഒരു സ്ഥലമാറ്റ ഉത്തരവു കൂടി ഇറക്കുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.